മുഖ്യമന്ത്രി ആരാകണം എന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ; അഭിപ്രായം പറയുന്നത് ശരിയല്ല: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ജനവിധി യുഡിഎഫിന് അനുകൂലമാണെന്നും അത് അംഗീകരിക്കുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഇതാ കിട്ടിപ്പോയ് എന്ന് പറഞ്ഞ് ചാടിവീണ് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും യുഡിഎഫ് ഭരിക്കണമെന്ന് ജനം തീരുമാനിച്ചു, മുഖ്യമന്ത്രി ആരാകണം എന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി ആരായാലും എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഗൗരവമേറിയ പരിശോധനകള്‍ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് സമയമെടുത്ത് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എല്ലാ ഘടകങ്ങളിലെയും സഖാക്കളുടെ അഭിപ്രായം കേള്‍ക്കും. സിപിഐഎം നാടിന്റെ പ്രതീക്ഷയാണ്. എവിടെയാണ് പോറലേറ്റത് എന്ന് പരിശോധിക്കും. തിരുത്തേണ്ടത് തിരുത്തും. ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് മുന്നോട്ടുപോകും'- മുഹമ്മദ് റിയാസ് പറഞ്ഞു. യുഡിഎഫിന് വോട്ട് ചെയ്തവര്‍ ഇടതുപക്ഷം തകരണമെന്ന് ആഗ്രഹിക്കാത്തവരാണെന്നും കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ഇടതുപക്ഷം ശക്തമായി മുന്നോട്ടുവരണം എന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരള മുഖ്യമന്ത്രിയെ എന്ന് പ്രഖ്യാപിക്കുമെന്നതിൽ ആകാംക്ഷ തുടരുകയാണ്. ഹൈക്കമാന്‍ഡ് തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. കര്‍ണാടകയില്‍ ഉള്ള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഡല്‍ഹിയില്‍ എത്തുന്നത് അടിസ്ഥാനമാക്കിയാകും ചര്‍ച്ചകള്‍ പുനരാരംഭിക്കുക. രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും സോണിയ ഗാന്ധിയുമായി ആശയവിനിമയം നടത്തും.സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്നാണ് ഹൈക്കമാന്‍ഡിലെ ധാരണ. അച്ചടക്ക ലംഘനത്തിന്റെ അന്തരീക്ഷം ആവര്‍ത്തിക്കുന്നുണ്ടോയെന്നും നേതൃത്വം നിരീക്ഷിച്ചുവരികയാണ്. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ മൂന്ന് നേതാക്കളും ഈ ഘട്ടത്തിലും തയ്യാറായിട്ടില്ലെന്നാണ് വിവരം.
