ഒറ്റക്കല്ലേ ജീവിതം; എന്തിനാണ് പൈസയോട് ഇത്ര ആക്രാന്തം: മഞ്ജു വാര്യർക്കെതിരേ ശാന്തിവിള ദിനേശ്

Movie

നടി മഞ്ജു വാര്യർക്കെതിരേ അധിക്ഷേപ പരാമർശവുമായി ശാന്തിവിള ദിനേശ്. സിനിമാ താരങ്ങൾ പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് എതിരേ നടത്തി‍യ വിമർശനത്തിനിടെയാണ് മഞ്ജു വാര്യരെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചത്. മഞ്ജു ഒറ്റക്കല്ലേ ജീവിക്കുന്നതെന്നും പൈസയോട് ഇത്ര ആക്രാന്തം എന്തിനാണെന്നും ഇയാൾ ചോദിക്കുന്നു.

പരസ്യത്തട്ടിപ്പിൽ നടൻ ജയസൂര്യക്കെതിരേ ഇഡി നടപടി എടുത്തതിനു പിന്നാലെയാണ് വിമർശനം. സ്വർണപ്പണിക്കാരന്‍റെ മകനായി ജനിച്ച് ദാരിദ്ര്യവും അല്ലലും അറിഞ്ഞ് മിമിക്രി കളിച്ചു നടന്ന് ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് നടന്ന് കോടികൾ സമ്പാദിച്ചു കഴിഞ്ഞാൽ എന്താണ് ജയസൂര്യ നിനക്ക് ഈ ആക്രാന്തം. ഇനി എത്രകാലം നിങ്ങൾ കോടതി കയറി ഇറങ്ങേണ്ടി വരും. ഈ പൈസ വരുമ്പോൾ ഇവന്മാരുടെയൊക്കെ ആക്രാന്തമാണ് എന്നും ദിനേശ് പറയുന്നു. മഞ്ജു വാര്യരും ഇതുപോലെ പരസ്യത്തട്ടിപ്പിൽ വീഴണമെന്നാണ് താൻ പ്രാർഥിക്കുന്നതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ടിവിയിൽ കാക്കത്തൊള്ളായിരം പരസ്യമാണ്. അതില് അമിതാഭ് ബച്ചൻ മുതൽ മലയാളത്തിലെ ഏതാണ്ട് എല്ലാ നടീനടന്മാരുടെയും പരസ്യങ്ങൾ കൊടികുത്തി വാഴുന്ന കാഴ്ചകൾ കണ്ടു കണ്ട് മടുപ്പാകുന്നു ഈ മുഖങ്ങളെ. പ്രത്യേകിച്ച് മഞ്ജു വാര്യരെ. എന്തെല്ലാം കോലങ്ങളിലാണ് ഈ പെണ്ണുപിള്ള പരസ്യങ്ങളിൽ വന്നു നിറയുന്നത്. നാളെ ഏതെങ്കിലും ഇതുപോല ഒരു പരസ്യത്തട്ടിപ്പിൽ മഞ്ജു വാര്യരും വീഴണേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. കാരണം ഇതുപോലെ കേസിൽ പെടണം, എന്നാലെ അവർ പഠിക്കൂ.

എത്ര കോടി രൂപയാണ് അവർ പരസ്യം ചെയ്ത് ഉണ്ടാക്കുന്നത്. പാണ്ടൻ നായയുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്ന് നമ്പ്യാര് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മഞ്ജു വാര്യരുടെ അഭിനയം ക്ലച്ച് പിടിക്കുന്നില്ല എന്നുള്ളതുകൊണ്ടായിരിക്കാം ഈ കാണുന്ന എല്ലാ കൂതറ പരസ്യങ്ങളിലും ഫാൻസി ഡ്രസ്സും ഇട്ട് അവർ അഭിനയിക്കുന്നത്.

മടുപ്പ് തോന്നുന്നില്ലേ എന്നാണ് ചോദിക്കാനുള്ളത്. മഞ്ജു ഒറ്റക്കല്ലേ ജീവിതം, എത്ര കോടി രൂപ വേണം നിങ്ങൾക്ക് ഒരു ജന്മം ജീവിക്കാൻ. നിങ്ങൾ അതിന്‍റെ എത്ര ഇരട്ടി ഉണ്ടാക്കി കാണും. എന്നാലെങ്കിലും ഈ പൈസയുടെ ആക്രാന്തം ഒന്ന് അവസാനിപ്പിക്കണമായിരുന്നു'- ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.

Tags

Share this story