ലൈഫ് മിഷൻ കോഴ; സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും

CMR

ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി നാളെ ചോദ്യം ചെയ്യും. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സിഎം രവീന്ദ്രന്റെ അറിവോടെയാണെന്ന് സ്വപ്‌ന സുരേഷ് മൊഴി നൽകിയിരുന്നു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് ലൈഫ് മിഷന്‍ കേസില്‍ ഇഡിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. 

ശിവശങ്കറിനെക്കൂടാതെ രവീന്ദ്രന് എന്താണ് ലൈഫ് മിഷന്‍ കേസില്‍ ബന്ധം എന്നതാണ് ഇഡി അന്വേഷിക്കുന്നത്. നേരത്തെ രവീന്ദ്രന്റെ പങ്ക് വെളിവാക്കുന്ന നിരവധി വാട്‍സ്ആപ്പ് ചാറ്റുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യല്‍ രവീന്ദ്രന് എളുപ്പമാകില്ല. ശിവശങ്കറിന് എതിരെ മൊഴി നല്‍കിയാല്‍ രവീന്ദ്രന്‍ കേസില്‍ സാക്ഷിയായി മാറും. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ രവീന്ദ്രനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. 

അതേസമയം കള്ളപ്പണകേസിൽ പാർട്ടി പരിശോധിക്കേണ്ട വിഷയങ്ങളൊന്നുമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. എന്നാൽ ലൈഫ് മിഷൻ കോഴ ഇടപാടിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ബിജെപി ആരോപിക്കുന്നു.

Share this story