ലൈഫ് മിഷൻ: എഫ്.സി.ആർ.എ ലംഘനത്തിന് തീരുമാനമെടുത്തത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ: അനിൽ അക്കര

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് എഫ്.സി.ആർ.എ(വിദേശ സംഭാവന നിയന്ത്രണ നിയമം) ലംഘിക്കുന്ന തീരുമാനമെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണെന്ന് മുൻ എംഎൽഎ അനിൽ അക്കര. ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ നിർമാണം യൂണിടാകിനെ ഏൽപ്പിക്കാനുള്ള തീരുമാനമെടുത്ത യോഗം നടത്തിയത് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആണെന്നും അനിൽ അക്കര ആരോപിച്ചു
ക്ലിഫ് ഹൗസിൽ യോഗം ചേർന്നതിന്റെ രേഖകൾ അനിൽ അക്കര പുറത്തുവിട്ടു. ലൈഫ് മിഷൻ സിഇഒ യുവി ജോസ് തദ്ദേശ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയ കത്താണ് പുറത്തുവിട്ടത്. ഒരു കാരണവശാലും മുഖ്യമന്ത്രിക്കോ വിദേശരാജ്യത്തെ ഏജൻസികൾക്കോ ഇങ്ങനെയൊരു തീരുമാനമെടുക്കാനാകില്ല. ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസിലാണ്. അതാണ് സ്വപ്‌നയുടെ ചാറ്റിലുള്ളത്. അതിനാൽ എഫ് സി ആർ എ ലംഘനത്തിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അനിൽ അക്കര ആരോപിക്കുന്നു. രേഖകൾ കോടതിയിൽ ഹാജരാക്കുമെന്നും അനിൽ പറഞ്ഞു.