ലൈഫ് മിഷൻ പദ്ധതി: 2025ൽ 5 ലക്ഷം ഗുണഭോക്താക്കൾ, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ 48.85 കോടി

ലൈഫ് മിഷൻ പദ്ധതിയിൽ 2025ഓടെ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാല വായ്പാ പദ്ധതികൾ ഉപയോഗിച്ച് വീട് നിർമാണം വേഗത്തിലാക്കും. ലൈഫ് പദ്ധതിയിൽ രണ്ട് വർഷം കൊണ്ട് 10,000 കോടി ചെലവഴിക്കും. ഭവന നിർമാണ മേഖലക്ക് 57.62 കോടി അനുവദിച്ചു. എംഎൻ ലക്ഷം വീട് പുനർനിർമാണത്തിന് 10 കോടി.

മനുഷ്യ, വന്യജീവി സംഘർഷത്തിന് പരിഹാരം കാണും. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ 48..85 കോടി വകയിരുത്തി. വനാതിർത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഇടപെടൽ നടത്തും. മനുഷ്യ-വന്യജീവി സംഘർഷത്തിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകി. ചന്ദനത്തടികൾ മുറിക്കുന്നതിന് ഇളവുകൾ വരുത്തും. ചന്ദനകൃഷിയുമായി ബന്ധപ്പെട്ട നിയമം കാലോചിതമായി പരിഷ്‌കരിക്കും. സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദനം സംഭരിക്കാൻ നടപടിയെടുക്കും. കോഴിക്കോട് പെരുവണ്ണാമൂഴിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ടൈഗർ സഫാരി പാർക്ക് ആരംഭിക്കും

എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി വകയിരുത്തി. തൃശ്ശൂർ ശക്തൻ ബസ് സ്റ്റാൻഡ് വികസനത്തിന് 10 കോടി. അതി ദാരിദ്ര്യ നിർമാർജന പരിപാടിക്ക് 50 കോടി. സാക്ഷരത പരിപാടിക്ക് 20 കോടി. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് 50 കോടി. ഗ്രാമവികസനത്തിന് 1868.32 കോടി.
 

Share this story