ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കില്ല; അർഹരായവർക്ക് വീട് നൽകും: ആശങ്ക വേണ്ടെന്ന് മന്ത്രി കെ.എം. ഷാജി

Life

മലപ്പുറം: എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ലൈഫ് മിഷൻ ഭവന പദ്ധതി ഇല്ലാതാക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ പദ്ധതികൾ അടിച്ചുതകർക്കാൻ വേണ്ടി വന്ന സർക്കാരല്ല യു.ഡി.എഫ് എന്ന് അദ്ദേഹം ആവർത്തിച്ചു.

​പഞ്ചായത്തുകളുടെയും ഗ്രാമസഭകളുടെയും എടുത്തു കളയപ്പെട്ട അധികാരം തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞാൽ ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്നല്ല അർത്ഥമാക്കുന്നത്. ഗ്രാമപഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകുക എന്നതാണ് സർക്കാരിന്റെ പ്രധാന അജണ്ട. മുൻ സർക്കാർ നടപ്പിലാക്കിയ പദ്ധതികളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയും അപാകതകൾ പരിഹരിച്ചുമാകും യു.ഡി.എഫ് സർക്കാർ മുന്നോട്ട് പോകുക.

​"സർക്കാർ എന്നത് ഒരു തുടർച്ചയാണ്. ഒരു പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ മുൻപ് നടപ്പിലാക്കിയ പദ്ധതികളെല്ലാം തകർത്ത് പുതിയത് കൊണ്ടുവരാൻ കഴിയില്ല. അങ്ങനെയല്ല ഭരണം നടക്കേണ്ടത്. ലൈഫ് മിഷൻ പദ്ധതി വഴിയിൽ വെച്ച് ബ്ലോക്ക് ചെയ്ത് അർഹതപ്പെട്ടവർക്ക് വീട് നൽകാതിരിക്കില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് അർഹരായ ആർക്കും ആശങ്ക വേണ്ട," മന്ത്രി പറഞ്ഞു.

​ലൈഫ് പദ്ധതി പൊളിച്ചെഴുതാൻ തദ്ദേശവകുപ്പ് നീക്കം നടത്തുന്നുവെന്ന വാർത്തകളെത്തുടർന്ന് പ്രതിപക്ഷം ശക്തമായ പ്രക്ഷോഭ സൂചനകൾ നൽകിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ സുപ്രധാന വിശദീകരണം. അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും വീട് ഉറപ്പാക്കുന്ന രീതിയിൽ ആവശ്യമായ പഠനങ്ങൾ നടത്തി, മന്ത്രിസഭാ യോഗത്തിന് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തിരുത്തലുകൾ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Share this story