എലപ്പുള്ളിയിൽ എത്തിച്ച ജെസിബി തടഞ്ഞ് നാട്ടുകാർ; ബ്രൂവറി നിർമാണത്തിന് എത്തിച്ചതെന്ന് ആരോപണം

എലപ്പുള്ളിയിലെ നിർദിഷ്ട ബ്രൂവറി പദ്ധതി പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച ജെസിബി നാട്ടുകാരും സമരസമിതി പ്രവർത്തകരും ചേർന്ന് തടഞ്ഞു. വെള്ളിയാഴ്ച രാവിലെ 7.15 ഓടെയാണ് ജെസിബി സ്ഥലത്തെത്തിയത്. ഇത് ബ്രൂവറി നിർമാത്തിന്റെ ആദ്യ പടിയാണെന്ന് ആരോപിച്ചാണ് സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
സ്ഥലത്തെ കാട് വെട്ടിത്തെളിക്കാനാണ് ജെസിബി കൊണ്ടുവന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണെന്ന് സമരസമിതി പ്രവർത്തകർ ആരോപിക്കുന്നു. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് സർവേ നടത്തി അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതിന്റെ മുന്നോടിയായാണ് കാട് വെട്ടിത്തെളിക്കുന്നതെന്ന് സമരസമിതിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഇന്നലെ കമ്പനി അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നുവെന്നും രാത്രിയിൽ നിർമാണം തുടങ്ങാനായിരുന്നു പദ്ധതിയെന്നും നാട്ടുകാർ പറയുന്നു. ബ്രൂവറി പദ്ധതിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ നീക്കമെന്ന് സമരസമിതി പ്രർത്തകർ പറയുന്നു.