ലോക കേരള സഭ തുടരില്ല; നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

വിഡി സതീശൻ

തിരുവനന്തപുരം: ലോക കേരള സഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വി ഡി സതീശന്‍ ലോക കേരള സഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. അതിലൊരു മാറ്റവുമില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയതുപോലെ ലോക കേരള സഭ സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല. ലോക കേരള സഭയുടെ ആറാമത് എഡിഷന് സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

ലോക കേരള സഭ സെക്രട്ടേറിയറ്റിന് നിലവില്‍ ഓഫീസുണ്ട്. അവിടുത്തെ അഡ്മിനിസ്‌ട്രേറ്റീവ് എക്‌സ്പന്‍സിനും നോര്‍ക്ക വഴി നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് മാത്രമാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി. ലോക കേരള സഭയുമായി ബന്ധപ്പെട്ട് വി ഡി സതീശന്‍ യൂടേണടിച്ചുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

ലോക കേരള സഭയുമായി മുന്നോട്ടുപോകാനാണ് സതീശന്‍ സര്‍ക്കാര്‍ തീരുമാനമെന്നായിരുന്നു നേരത്തേ പുറത്തുവന്ന വാര്‍ത്തകള്‍. പ്രതിപക്ഷത്തിരുന്നപ്പോള്‍ ലോക കേരള സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ ആളായിരുന്നു സതീശന്‍. കേരളത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്നതാണ് ലോക കേരള സഭ എന്നായിരുന്നു സതീശന്‍ മുന്‍പ് പറഞ്ഞത്. പണമുള്ളവനെ മാത്രം വിളിച്ചുകയറ്റി അടുത്തിരുത്തുന്ന ഈ പരിപാടി കേരളത്തിനും കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്കും ചേര്‍ന്നതല്ല. കേരളത്തിന്റെ പേരില്‍ നടക്കുന്ന അനധികൃത പിരിവിനെക്കുറിച്ച് അന്വേഷിക്കുകയും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. ലോക കേരള സഭയുടെ പേരില്‍ നടക്കുന്നത് ധൂര്‍ത്താണെന്നും സതീശന്‍ പറഞ്ഞിരുന്നു. ഇതേ സതീശന്‍ അധികാരത്തിലെത്തിയപ്പോള്‍ നിലപാട് മാറ്റിയെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനിടെയാണ് ലോക കേരള സഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി സതീശന്‍ രംഗത്തെത്തിയത്.

അതേസമയം ലോക കേരള സഭയുമായി ബന്ധപ്പെട്ട് വി ഡി സതീശന്റെ നിലപാടിന് വിരുദ്ധമായാണ് മന്ത്രി സണ്ണി ജോസഫിന്റെ നിലപാട്. ലോക കേരള സഭയ്ക്ക് പണം അനുവദിച്ചത് നല്ല രീതിയില്‍ ചെലവഴിക്കാനെന്നായിരുന്നു സണ്ണി ജോസഫ് നേരത്തേ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്. ധൂര്‍ത്ത് മാറ്റി നിര്‍ത്തിയാല്‍ അത് നല്ല ആശയമാണ്. സര്‍ക്കാരിന്റേത് യൂ ടേണ്‍ അല്ല, റൈറ്റ് ടേണ്‍ ആണ്. പേരിനെയും ആശയത്തെയും ആയിരുന്നില്ല, നടത്തിപ്പിന്റെ രീതിയെയായിരുന്നു യുഡിഎഫ് വിമര്‍ശിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. ലോക കേരള സഭയുമായി മുന്നോട്ടുപോകണമെന്നാണ് ലീഗിന്റെയും നിലപാട്.

Tags

Share this story