എം.ശിവശങ്കര്‍ 20 വരെ ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും; കടുത്ത ചോദ്യം ചെയ്യലിന് തയ്യാറെടുത്ത് അന്വേഷണ ഏജന്‍സി: ജാമ്യ ആവശ്യത്തെ എതിര്‍ത്തേക്കില്ല

ED Shivashankar

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും. ഇന്നലെ അര്‍ദ്ധരാത്രിയോടടുത്ത്  ഇഡി ശിവശങ്കറിന്റെ കസ്റ്റഡി രേഖപ്പെടുത്തിയതിന് ശേഷം അദ്ദേഹം ഇഡി കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്. ഇഡിയുടെ  ആവശ്യപ്രകാരം കോടതി ശിവശങ്കറിനെ ഈമാസം 20 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയില്‍വിട്ടിട്ടുണ്ട്. കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.
 
പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. എന്നാല്‍, കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ പിന്നീട് കൂടുതല്‍ ദിവസം കസ്റ്റഡി അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി.ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് നിസ്സഹരിക്കുകയാണെന്നും ഭക്ഷണം പോലും കഴിക്കാതെയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിനെ നേരിടുന്നതെന്നും ഇഡി കോടതിയില്‍ പറഞ്ഞിരുന്നു. ഇഡിക്കെതിരെ ശിവശങ്കര്‍ കോടതിയില്‍ പരാതി ഉന്നയിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ കഴിഞ്ഞ ദിവസം 12 മണിവരെ ചോദ്യംചെയ്തു എന്നാണ് ശിവശങ്കര്‍ പരാതിപ്പെട്ടത്. 

എന്തായാലും ശിവശങ്കറിന് കഴിഞ്ഞ തവണത്തെപ്പോലെ ജയിലില്‍ പോകേണ്ടി വരില്ലെന്നാണ് സൂചന. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാല്‍ ജാമ്യ ആവശ്യത്തെ ഇഡി എതിര്‍ക്കില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെയാണ് പത്ത് ദിവസം കസ്റ്റഡി ഇഡി ആവശ്യപ്പെട്ടത്. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലില്‍ ശിവശങ്കറില്‍ നിന്നു ആവശ്യമായ വിവരങ്ങള്‍ ഇഡി ശേഖരിച്ചേക്കും. ശിവശങ്കര്‍ സര്‍വീസില്‍ തുടരുന്ന വേളയില്‍ അറസ്റ്റ് ഒഴിവാക്കിയ ഇഡി ശിവശങ്കര്‍ വിരമിച്ച കഴിഞ്ഞ 31-നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. 

വിരമിക്കല്‍ കാര്യം ചൂണ്ടിക്കാട്ടി ശിവശങ്കര്‍ ഇഡിയ്ക്ക് മറുപടി നല്‍കുകയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി  ആവശ്യപ്പെടുകയായിരുന്നു. ഇഡിയുടെ കൊച്ചി ഓഫിസിൽ വെള്ളി മുതല്‍ മൂന്നു ദിവസങ്ങളിലായാണ്  ശിവശങ്കറെ ചോദ്യം ചെയ്തത്. അവസാനദിവസം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.

Share this story