ഭക്തർക്ക് ദർശന സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരവിളക്ക്

Sabarimala

ശബരിമല: ഭക്തർക്ക് ദർശന സായൂജ്യമേകി പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയിൽ വിവിധയിടങ്ങളിലായി മകരവിളക്ക് കാണുന്നതിനായി ശരണ മന്ത്രങ്ങളോടെ കാത്തിരുന്നത്. വൈകിട്ട് 6.45ന് ശ്രീകോവിൽ തുറന്നു. തുടർന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പൊന്നമ്പലമേട്ടിൽ മൂന്നു തവണ മകരവിളക്ക് തെളിഞ്ഞ് അണഞ്ഞു

പന്തളത്തു നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ വൻ വരവേൽപ്പാണ് നൽകിയത്. വൈകിട്ട് ആറരയോടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയത്. സോപാനത്തിൽ നിന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി. തിരുവാഭരണം ചാർത്തി മഹാ ദീപാരാധന നടത്തി. അതിനു പുറകേ മകരവിളക്ക് തെളിഞ്ഞത്.

മകരജ്യോതി ദര്‍ശനത്തിനിടെ സന്നിധാനത്ത് തിരക്ക് കുറയ്ക്കുന്നതിനായി സന്നിധാനത്തിനും പമ്പയ്ക്കും പുറമേ ജില്ലയില്‍ ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം ഒരുക്കിയിരുന്നു. നീലിമല അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല, ളാഹ, പഞ്ഞിപ്പാറ എന്നിവിടങ്ങളിലാണ് മകരജ്യോതി കാണാന്‍ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കിയിരുന്നത്.

സന്നിധാനത്ത് മകരജ്യോതി ദര്‍ശനത്തിനായി ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ കാത്തിരിക്കുന്നത് പാണ്ടിത്താവളത്തിലാണ്. പമ്പയില്‍ പൊന്നമ്പലമേട് ശരിയായി കാണാവുന്നത് ഹില്‍ടോപ്പിലാണ്. അവിടെ ജ്യോതി ദര്‍ശനത്തിനായി പ്രത്യേക സുരക്ഷ ഒരുക്കും. എല്ലാ കേന്ദ്രങ്ങളിലും വെള്ളം, വെളിച്ചം, വൈദ്യസഹായം എന്നിവ ഒരുക്കും. എല്ലായിടത്തും മെഡിക്കല്‍ ടീം, ആംബുലന്‍സ്, സ്ട്രച്ചര്‍ എന്നീ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.

Share this story