മലയാളം ആരെയും അടിച്ചേൽപ്പിക്കില്ല, ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കും: സിദ്ധരാമയ്യക്ക് മറുപടിയുമായി പിണറായി
മലയാള ഭാഷാ ബില്ലിൽ എതിർപ്പുന്നയിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിർപ്പ് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും ബില്ല് ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളം ആരെയും അടിച്ചേൽപ്പിക്കുന്നില്ല. കന്നഡ, തമിഴ് ന്യൂനപക്ഷങ്ങൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാതൃഭാഷ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ഒരു ഭാഗത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കേരളം ചെയ്യില്ല. എല്ലാവർക്കും ജോലി ചെയ്യാൻ പറ്റുന്ന സംസ്ഥാനമാണ് കേരളമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു. ഒരു സംസ്ഥാനത്തിനും അത്തരം വികാരം ഉണ്ടാകേണ്ട കാര്യമില്ല. കേരളത്തിന് അത്തരമൊരു സമീപനമില്ലെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു
അതേസമയം കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഗണിക്കണമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. നേരത്തെ ബില്ലുമായി മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ബിൽ കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് കർണാടകത്തിന്റെ വാദം.
