വന്ദേ ഭാരതില്‍ ആദ്യ ദിനം തന്നെ തനിഗുണം കാണിച്ച് മലയാളി; ട്രെയിനില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചു വൃത്തികേടാക്കി

Kerala

ഇന്ത്യന്‍ റെയില്‍വേയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ വന്ദേ ഭാരത് ട്രെയിന്‍ കേരളത്തില്‍ ഓടിത്തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തനിഗുണം കാണിച്ച് മലയാളി. ട്രെയിനിന്റെ ബോഗിയില്‍ പോസ്റ്റര്‍ ഒട്ടിച്ചു വൃത്തികേട് ആക്കിയിരിക്കുകയാണ് പാര്‍ട്ടിക്കാര്‍. കോണ്‍ഗ്രസ് നേതാവ് വി കെ ശ്രീകണ്ഠന്‍ എംപിയുടെ അനുയായികളാണ് അദ്ദേഹത്തിന്റെ അഭിവാദ്യങ്ങള്‍ നേര്‍ന്നുള്ള പോസ്റ്ററുകള്‍ ട്രെയിനില്‍ പതിപ്പിച്ചത്.

ട്രെയിനിന്റെ സ്റ്റോപ്പുകള്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ട സമയത്ത് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ഇല്ലായിരുന്നു. ഇതില്‍ ഇടപെട്ട വി കെ ശ്രീകണ്ഠന്‍ എംപി ഇക്കാര്യം ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത് ഇദ്ദേഹത്തിന്റെ മികവു കൊണ്ടാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഇദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് അനുയായികള്‍ ഇദ്ദേഹത്തിന്റെ മുഖചിത്രം ഉള്ള പോസ്റ്റര്‍ ട്രെയിനിന്റെ ബോഗികളില്‍ പതിപ്പിച്ചിരിക്കുന്നത്.

ഇന്ന് രാവിലെയാണ് കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡേയ്ക്കുള്ള ആദ്യയാത്ര ട്രെയിന്‍ ആരംഭിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് ട്രെയിന്‍ യാത്ര ആരംഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ മോദി വന്ദേഭാരതിന്റെ സി വണ്‍ കോച്ചില്‍ കയറി. അതിനു ശേഷം സി2 കോച്ചില്‍ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂര്‍ എംപിയും മോദിക്കൊപ്പം വന്ദേഭാരതില്‍ എത്തിയിരുന്നു.

Share this story