പ്രകടന പത്രിക: പൊതുജനാഭിപ്രായം തേടി കോൺഗ്രസ്

Congras

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയിലേക്ക് പൊതുജനങ്ങളില്‍നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടി കെപിസിസി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും എഐസിസി മാനിഫെസ്‌റ്റോ കമ്മിറ്റി അംഗമായ ഡോ. ശശി തരൂര്‍ എംപിയും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ചേര്‍ന്ന് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന പരിപാടിയിലാണ് വിവിധ മേഖലയിലെ വിദഗ്ധരിൽ നിന്നും ജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചത്.

സുപ്രീംകോടതി, യുജിസി, ആര്‍ബിഐ പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കുന്ന വികസന സങ്കല്‍പം മുന്നോട്ട് വയ്ക്കണമെന്നും ആക്ടിവിസ്റ്റായ സി.ആര്‍. നീലകണ്ഠന്‍ ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കര്‍ഷക ബജറ്റ് കൊണ്ടുവരണമെന്ന് സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ് പറഞ്ഞു.

കഴിയുമെങ്കില്‍ ഇതോടൊപ്പം റെയ്‌ല്‍വേ ബജറ്റും തിരിച്ചുകൊണ്ടുവരണം. നിലവില്‍ നെല്ല്, തേങ്ങ എന്നീ രണ്ട് വിളകള്‍ മാത്രമാണ് കേരളത്തില്‍ സംഭരിക്കുന്നത്. മൂന്നാമത്തെ വിളയായി റബര്‍ കൂടി സംഭരിക്കണം. പിആര്‍എസ് വായ്പയ്ക്ക് പകരം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കണം. ആദിവാസികള്‍ക്ക് സംരഭം ആരംഭിക്കാനുള്ള പരിശീലനം നല്‍കണം. കൂടാതെ വയനാട്ടില്‍ ആദിവാസി സര്‍വകലാശാല സ്ഥാപിക്കണമെന്നുള്ള നിര്‍ദ്ദേശവും മേരി ജോര്‍ജ് മുന്നോട്ടുവച്ചു.

ജിഡിപിയുടെ 10 ശതമാനം സാമൂഹ്യസുരക്ഷയ്ക്കായി മാറ്റിവയ്ക്കണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ കാര്‍ഷിക ചെലവുകള്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കണം. പൊതുമേഖലാ കമ്പനികളെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ദേശീയതലത്തില്‍ ജനതാ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരണമെന്ന നിര്‍ദ്ദേശം നോര്‍ക്ക റൂട്ട്‌സ് മുന്‍ സിഇഒ പി സുധീപ് മുന്നോട്ടുവച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണം. അവര്‍ക്കായി എല്ലാ താലൂക്കുകളിലും കെയര്‍ സെന്‍ററുകള്‍ സ്ഥാപിക്കണം. കൂടാതെ 10 ലക്ഷം രൂപയുടെ ആദായനികുതി ഇളവ് നല്‍കണം. ഇതോടൊപ്പം 10 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടം എഴുതിത്തള്ളണം. വിദേശ രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം തടയാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിനായി നിലവാരമുള്ള വിദ്യാഭ്യാസം, തൊഴില്‍ സാധ്യത എന്നിവ നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ജി. വിജയരാഘവന്‍, ആദിവാസി കോണ്‍ഗ്രസ്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്, കെപിസിസി ഇന്‍ഡസ്ട്രീസ് സെല്‍, കെപിസിസി കായിക വിഭാഗം, പ്രൊഫഷണല്‍ കോണ്‍ഗ്രസ്, പ്രവാസി കോണ്‍ഗ്രസ്, വ്യാപാരികള്‍, അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ സംഘടനകള്‍, വിദ്യാർഥികള്‍, അധ്യാപകര്‍, കലാകാരന്മാര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ നിര്‍ദ്ദേശങ്ങള്‍ സമിതിക്ക് സമര്‍പ്പിച്ചു. ഫെബ്രുവരി 15ഓടെ കരട് പ്രകടനപത്രിക തയാറാക്കാനാണ് ശ്രമിക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. ജയന്ത്, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story