മണിമല വാഹനാപകട കേസ്: ആരെയും രക്ഷിക്കാൻ ശ്രമമില്ലെന്ന് മന്ത്രി വി എൻ വാസവൻ

vasavan

ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകട കേസിൽ ആരെയും രക്ഷിക്കാൻ ശ്രമമില്ലെന്ന് മന്ത്രി വിഎൻ വാസവൻ. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് കേസിൽ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ പക്ഷഭേദമോ വിവേചനമോ ഇല്ല. രാഷ്ട്രീയമായ പല ആരോപണങ്ങളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മണിമലയിലെ വാഹനാപകട കേസിന്റെ എഫ്ഐആറിൽ അട്ടിമറി നടന്നതായി എഫ്ഐആർ സാക്ഷി പറഞ്ഞിരുന്നു. താൻ നൽകിയ വിവരങ്ങളല്ല എഫ്ഐആറിലുള്ളതെന്ന് ജോസ് മാത്യു വ്യക്തമാക്കി. അപകടം നടക്കുന്ന സമയം താൻ വീട്ടിലായിരുന്നു. രണ്ട് പൊലീസുകാർ വീട്ടിലെത്തി വിളിച്ചുകൊണ്ട് പോകുകയായിരുന്നു. അവർ പറഞ്ഞ സ്ഥലത്ത് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും മരിച്ച യുവാക്കളുടെ ബന്ധുവായ ജോസ് മാത്യു പറഞ്ഞു.


മണിമല ബിഎസ്എൻഎൽ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. സ്‌കൂട്ടറിൽ യാത്രചെയ്തിരുന്ന കറിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ ജിസ് (35), ജിൻസ് ജോൺ (30) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ഇന്നോവക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.
 

Share this story