മഞ്ചേരി എംഎൽഎയ്ക്ക് എതിരെ ഫേസ്ബുക്കിൽ മോശം കമന്റിട്ടു; യുവാവിന് ക്രൂര മർദനം
മഞ്ചേരി എംഎൽഎ യു എ ലത്തീഫിനെതിരെ ഫേസ്ബുക്കിൽ മോശം കമന്റിട്ടതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. എംഎൽഎയുടെ മകൻ അമീറും സംഘവും ചേർന്ന് മഞ്ചേരി മുള്ളമ്പാറ സ്വദേശി കൂളിയോടൻ ലത്തീഫിനെ കടയിൽ കയറി മർദിച്ചതായാണ് പരാതി. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ലത്തീഫിന്റെ കടയിലെത്തിയ അമീറും സംഘവും ഫേസ്ബുക്ക് കമന്റ് ചൂണ്ടിക്കാട്ടി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ലത്തീഫിന്റെ തലയ്ക്ക് വടികൊണ്ട് അടിച്ചതായി എഫ് ഐ ആറിൽ പറഞ്ഞു. സംഭവത്തിൽ അമീറും കൂടെയുണ്ടായിരുന്ന മറ്റ് ആറുപേർക്കുമെതിരെ മഞ്ചേരി പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് കൂളിയോടൻ ലത്തീഫിനെതിരെയും പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അമീറിന്റെ സുഹൃത്ത് നിസാർ നൽകിയ പരാതിയിലാണ് നടപടി. ലത്തീഫ് കത്തി വീശി പരുക്കേൽപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. രണ്ട് വിഭാഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
