താനൂരിലേത് മനുഷ്യനിർമിത ദുരന്തം; ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സതീശൻ

satheeshan

താനൂരിലേത് മനുഷ്യനിർമിത ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്തരം ദുരന്തങ്ങൾ ഒരിടത്തും ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. ബോട്ടിന് ലൈസൻസുണ്ടോയെന്ന് പോലും ബന്ധപ്പെട്ടവർക്ക് അറിയില്ല. ലൈസൻസുണ്ടെങ്കിൽ പോലും ഒരിടത്തും വൈകിട്ട് ആറ് മണിക്ക് ശേഷം ബോട്ട് ഓടിക്കാൻ അനുവദിക്കാറില്ല. 

വൈകിട്ട് ഏഴ് മണിക്ക് ശേഷവും വെളിച്ചം പോലുമില്ലാത്ത സ്ഥലത്താണ് ബോട്ട് സർവീസ് നടത്തിയത്. മത്സ്യബന്ധന ബോട്ടിനെ യാത്രാ ബോട്ടാക്കി മാറ്റിയതും നിയമാനുസൃതമായല്ല. താനൂരിൽ മാത്രമല്ല കേരളത്തിൽ എല്ലായിടത്തും ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥയാണ്

കപ്പാസിറ്റിയേക്കാൾ ഇരട്ടിയിലധികം ആളുകളാണ് ബോട്ടിൽ കയറിയത്. തേക്കടി, തട്ടേക്കാട് ബോട്ടപകടങ്ങൾ ഉണ്ടായിട്ടും ഇതൊന്നും പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്തത് ദൗർഭാഗ്യകരമാണ്. നിയമവിരുദ്ധമായും ലൈസൻസില്ലാതെയുമാണ് ബോട്ട് സർവീസ് എന്ന് നാട്ടുകാർ പരാതി പറഞ്ഞിട്ടും അത് പരിശോധിക്കാൻ അധികൃതർ തയ്യാറായില്ല. ഇനിയും ഇത്തരം ദുരന്തങ്ങൾ സംഭവിക്കാമെന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ആരുടെ ശുപാർശയിലാണ് നിയമവിരുദ്ധ സർവീസിന് ഉദ്യോഗസ്ഥർ കണ്ണടച്ചതെന്നും അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു
 

Share this story