ഞാന്‍ രാജിവെക്കണമെന്ന് പലയാളുകള്‍ക്കും ആഗ്രഹമുണ്ട്, കാലാവധി പൂര്‍ത്തിയാക്കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

കെ ജയകുമാർ

തിരുവനന്തപുരം: രാജിവെക്കണമെന്ന ആഗ്രഹം നിലവിലില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും അറിയിക്കും. കാലാവധി പൂര്‍ത്തിയാക്കുമെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റെന്നും കെ ജയകുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഞാന്‍ രാജിവെക്കണമെന്ന് പലയാളുകള്‍ക്കും ആഗ്രഹമുണ്ട്. രാജിവെക്കണമെന്ന ആഗ്രഹം നിലവിലെനിക്ക് ഇല്ല. കാലാവധി പൂര്‍ത്തിയാക്കും. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നാല്‍ എന്ത് ചെയ്യും – കെ ജയകുമാര്‍ ചോദിച്ചു.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം കെ.ജയകുമാര്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രി കെ മുരളീധരനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടക്കുന്നത്. രാവിലെ 11.30 ന് മുഖ്യമന്ത്രി വി ഡി സതീശനുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ കൂടിക്കാഴ്ച നടത്തും.

അതേസമയം, മണ്ഡല- മകരവിളക്ക് തീര്‍ഥാടന സീസണ് മുന്നോടിയായി ശബരിമലയില്‍ പ്രതിസന്ധി രൂക്ഷമാണ്. അരവണ തയ്യാറാക്കാനുള്ള അവശ്യസാധനങ്ങളുടെ കരാറായില്ല. കടകളുടെയും ഹോട്ടലുകളുടെയും ലേലവും അനിശ്ചിതത്വത്തിലാണ്.

Tags

Share this story