ആൾക്കൂട്ട കൊലപാതകം: റാംനാരയണിന്റെ കുടുംബവുമായി റവന്യു മന്ത്രി ഇന്ന് ചർച്ച നടത്തും

ram

പാലക്കാട് വാളയാറിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ റാം നാരായണൻ ബഗേലിന്റെ കുടുംബവുമായി ഇന്ന് റവന്യൂ മന്ത്രി ചർച്ച നടത്തും. കുടുംബവും ആക്ഷൻ കൗൺസിൽ അംഗങ്ങളും ചർച്ചയിൽ പങ്കെടുക്കും. മന്ത്രി നേരിട്ട് ചർച്ച നടത്താമെന്ന ഉറപ്പിന്മേൽ ഇന്നലെ മോർച്ചറിക്ക് മുന്നിൽ നടത്തിവന്നിരുന്ന പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. 

അടിയന്തര നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് മൃതദേഹം ഏറ്റെടുക്കാൻ കുടുംബാംഗങ്ങൾ തയ്യാറായിട്ടില്ല.  റാം നാരായൺ ബഗേലിന്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയിരുന്നു. പാലക്കാട് ആർ ഡി ഓ കുടുംബവുമായി നടത്തിയ ചർച്ചയിലെ ഈ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് മോർച്ചറിയിലെ പ്രതിഷേധങ്ങൾ അവസാനിച്ചത്. 

കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കുടുംബത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതായും പാലക്കാട് ജില്ലാ ഭരണകൂടം വാർത്താ കുറിപ്പായി പുറത്തിറക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതും ജില്ലാ ഭരണകൂടം അംഗീകരിച്ചു. ഉറപ്പ് ലഭിച്ച് കഴിഞ്ഞാൽ മൃതദേഹം ഏറ്റെടുക്കാമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.

Tags

Share this story