കൊച്ചിയിൽ വൻ ലഹരിവേട്ട; മൂന്ന് ഇരുമ്പ് പൈപ്പുകൾ തുറന്നപ്പോൾ പൊലീസ് കണ്ടത് കഞ്ചാവ്
കൊച്ചി: കളമശ്ശേരി ഏലൂരിൽ വൻ കഞ്ചാവ് വേട്ട. പശ്ചിമബംഗാൾ സ്വദേശിയിൽ നിന്നും 20 കിലോയിൽ അധികം വരുന്ന കഞ്ചാവ് പിടികൂടി. മൂന്ന് ഇരുമ്പ് പൈപ്പുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതി കുറച്ചുനാളായി പ്രദേശത്ത് കഞ്ചാവ് വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. എറണാകുളം നർക്കോട്ടിക്സ് എസിപി ആനന്ദലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
മൂന്ന് പൈപ്പിനുള്ളിൽ ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് കഞ്ചാവ് കുത്തിനിറച്ച് ടൂറിസ്റ്റ് ബസിലാണ് കടത്തിയത്. മറ്റുള്ളവർക്ക് മണം കിട്ടാതിരിക്കാനാണ് ഇങ്ങനെ പൈപ്പുകളിലാക്കിയതെന്ന് എസിപി പറഞ്ഞു. ഇരുമ്പ് പൈപ്പുകൾ പൊട്ടിച്ച് കഞ്ചാവ് പുറത്തെടുക്കാൻ പൊലീസിനും ഫയർഫോഴ്സിനും മണിക്കൂറുകൾ കഷ്ടപ്പെടേണ്ടി വന്നു. ഒരാഴ്ചക്കുള്ളിൽ കൊച്ചിയിൽ നടന്ന മൂന്നാമത്തെ വലിയ കഞ്ചാവ് വേട്ടയാണിത്.
