പാലക്കാട്ട് വൻ ലഹരിവേട്ട; ഒരുകോടിയുടെ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ലഹരി

പാലക്കാട്: ജില്ലയിൽ പൊലീസിന്റെ വൻ ലഹരിവേട്ട. ഒലവക്കോട്ട് നടത്തിയ വാഹന പരിശോധനയിൽ ഏകദേശം ഒരു കോടി രൂപ വിപണി മൂല്യം വരുന്ന ലഹരിമരുന്നുകളുമായി യുവതി അടക്കം മൂന്നുപേർ അറസ്റ്റിലായി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ (26), മലപ്പുറം വേങ്ങര സ്വദേശി അസറുദീൻ (30), ഇയാളുടെ ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ (27) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

​ഇവരിൽ നിന്ന് ഒരു കിലോയോളം വരുന്ന എം.ഡി.എം.എ (MDMA), കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽ.എസ്.ഡി സ്റ്റാമ്പുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. തമിഴ്‌നാട്ടിൽ നിന്ന് വാടകയ്‌ക്കെടുത്ത കാറിന്റെ ഡീസൽ ടാങ്കിന് സമീപം പ്രത്യേക അറ നിർമ്മിച്ച് ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ.

​ബെംഗളൂരുവിൽ നിന്നാണ് സംഘം ലഹരി വസ്തുക്കൾ എത്തിച്ചതെന്നും വരുന്ന ഓണക്കാലത്തെ വിശേഷാൽ വിൽപ്പന ലക്ഷ്യമിട്ടാണ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു. വാഹനം തടഞ്ഞു നിർത്തി മൂന്ന് മണിക്കൂറിലധികം നീണ്ട വിശദമായ പരിശോധനയ്ക്കൊടുവിലാണ് പൊലീസ് സംഘത്തിന് ലഹരിമരുന്ന് കണ്ടെത്താനായത്. പിടിയിലായവർ സ്ഥിരം ലഹരിക്കടത്തുകാരാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച വൻ മാഫിയ സംഘത്തെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

Tags

Share this story