രാഹുലിന് നേരെ വൻ പ്രതിഷേധവും കൂകിവിളിയും; എംഎൽഎക്കെതിരെ കടുത്ത നടപടിക്ക് നിയമസഭ
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കുന്നതില്‍ നിയമോപദേശം തേടും. രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് മോശം സന്ദേശം നല്‍കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.
മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അസ്റ്റിലായ രാഹുലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധവുമായി എത്തി. രാഹുല്‍ കേരളത്തിന് അപമാനമാണെന്നും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ ഒരു നിമിഷം പോലും അര്‍ഹനല്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. രാഹുലിനെതിരെ പ്രതിഷേധക്കാര്‍ കൂകി വിളിച്ചു. വാഹനത്തില്‍ നിന്നും രാഹുലിനെ പുറത്തിറക്കാന്‍ പാടുപെട്ടതോടെ പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കുകയും അവരെ മറികടന്ന് രാഹുലിനെ ആശുപത്രിയിലേക്ക് കയറ്റുകയുമായിരുന്നു. ആശുപത്രിക്കകത്തേക്ക് തള്ളികയറാനും പ്രതിഷേധക്കാര്‍ ശ്രമം നടത്തി. പൊലീസ് ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.ആശുപത്രി വളപ്പിന് പുറമെ പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ പൊതിച്ചോറ് വിതരണം ചെയ്തു.വെെദ്യപരിശോധനയ്ക്ക് ശേഷം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
