മേയർ-ഡ്രൈവർ തർക്കം: ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ ഗൂഢാലോചനയെന്ന് സതീശൻ

മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് കാണാതായതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മേയറുടെ ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ് ബസിനുള്ളിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനിൽക്കെയാണ് മെമ്മറി കാർഡ് അപ്രത്യക്ഷമായതെന്ന് സതീശൻ ആരോപിച്ചു

ദൃശ്യങ്ങൾ പുറത്തുവന്നാൽ തങ്ങളുടെ വാദങ്ങൾ പൊളിയുമെന്ന ആശങ്കയിൽ മെമ്മറി കാർഡ് ബോധപൂർവം എടുത്തുമാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്. കേസിൽ നിർണായക തെളിവാകുമായിരുന്ന മെമ്മറി കാർഡ് അപ്രത്യക്ഷമായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണം

മേയറും എംഎൽഎയും സംഘവും നടത്തിയ നിയമലംഘനങ്ങളിൽ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയിൽ കേസെടുക്കുകയും മറുഭാഗത്തിന്റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ടനീതിയാണെന്നും സതീശൻ പറഞ്ഞു.
 

Share this story