മീഡിയാ വണ്‍ നിരോധനത്തിനെതിരെ പ്രസംഗിച്ചു; ഡോ. സെബാസ്റ്റ്യന്‍ പോളിനെതിരെ കേസ്: അറിഞ്ഞത് പാസ്‌പോര്‍ട്ട് പുതുക്കാന്‍ കൊടുത്തപ്പോള്‍

മീഡീയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രസംഗിച്ചതിന് പ്രമുഖ അഭിഭാഷകനും, ഇടതു മുന്നണിയുടെ എം പിയും എം എല്‍ എയുമായിരുന്ന സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് ഡോ. സെബാസ്റ്റ്യന്‍ പോളിനെതിരെ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് 2022/ 188 എന്ന നമ്പറില്‍ അദ്ദേഹത്തിനെതിരെ ക്രിമനല്‍ കേസ് എടുത്തിരിക്കുന്നത്.
പാസ്‌പോര്‍ട്ട് പുതുക്കാന്‍ കൊടുത്ത വേളയിലാണ് തനിക്കെതിരെ ഇത്തരത്തില്‍ ക്രിമനല്‍ കേസുണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അറിയുന്നത്. മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം നിര്‍ത്തിവയ്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തിലെ പൊതു സമൂഹത്തിന്റെയും രാഷ്ട്രീയ – മാധ്യമ- സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്ന് കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇത്തരമൊരു പ്രതിഷേധ വേദിയില്‍ മീഡിയാ വണ്‍ നിരോധനത്തിനെതിരെ പ്രസംഗിച്ചതിനാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. പൊളിറ്റ്ബ്യുറോ അംഗം എംഎ ബേബിയുള്‍പ്പെടയുള്ള നിരവധി സി പി എം നേതാക്കള്‍ മീഡിയാ വണ്‍ നിരോധനത്തിനെതിരെയുളള സുപ്രീം കോടതി വിധിയെ അഭിനന്ദിച്ചു കൊണ്ട് ഫേസ് ബുക്ക് പോസ്റ്റിടുകയും ആഹ്‌ളാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുപ്രീം കോടതി ശരിയാണെന്ന് പറഞ്ഞ ഒരു കാര്യത്തിന് വേണ്ടി പ്രസംഗിച്ച, വര്‍ഷങ്ങളോളം കൊച്ചി നഗരത്തിലെ ഇടതു രാഷ്ട്രീയത്തിന്റെ മുഖവും നിയമസഭാംഗവും പാര്‍ലമെന്റംഗവുമായിരുന്ന ഡോ. സെബാസ്റ്റ്യന്‍ പോളിനെതിരെ സി പിഎം ഭരിക്കുന്ന സമയത്ത് തന്നെ കേസ് എടുത്തത് പലരെയും അത്ഭുതപ്പെടുത്തുകയാണ്. പ്രസംഗിച്ചു എന്ന കുറ്റം മാത്രം ചുമത്തി എറണാകുളം ജില്ലയിലെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ അദ്ദേഹത്തിനെതിരെ മറ്റു കേസുകളും എടുത്തിട്ടുണ്ട്.