മെസ്സി വിഷയത്തിൽ നികുതി വെട്ടിപ്പ്: റിപ്പോർട്ടർ ചാനൽ കമ്പനിക്ക് 56 കോടി രൂപയുടെ ജിഎസ്ടി നോട്ടിസ് അയക്കാൻ നീക്കം
കൊച്ചി: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് 56.32 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ് നൽകാൻ ഒരുങ്ങി ജിഎസ്ടി വകുപ്പ്. നികുതി കുടിശ്ശികയ്‌ക്കൊപ്പം പലിശയും പിഴയും ഉൾപ്പെടുന്നതാണ് തുക. ജിഎസ്ടി ജോയിന്റ് കമ്മീഷണർ ഇന്ന് നോട്ടീസ് നൽകുമെന്നാണ് വിവരം. നികുതി വെട്ടിപ്പായി കണ്ടെത്തിയ 25.78 കോടി രൂപയുടെ അടിസ്ഥാനത്തിലാണ് തുടർനടപടി.
അർജന്റീന ഫുട്ബോൾ അസോസിയേഷന് നൽകിയ വിദേശ പണമിടപാടുകളിൽ റിവേഴ്സ് ചാർജ് മെക്കാനിസം പ്രകാരം ഐജിഎസ്ടി അടച്ചില്ലെന്നാണ് സംസ്ഥാന ജിഎസ്ടി അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ 22.68 കോടി രൂപയാണ് പ്രധാന നികുതി ബാധ്യതയായി കണക്കാക്കുന്നത്. വിദേശ നിയമോപദേശകർക്കടക്കം നടത്തിയ മറ്റ് ഇടപാടുകളിൽ 34.15 ലക്ഷം രൂപയുടെ ഐജിഎസ്ടി ബാധ്യതയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആകെ 25.78 കോടി രൂപയുടെ നികുതി ബാധ്യതയാണ് അന്വേഷണ സംഘം കണക്കാക്കിയത്.
ഇതിന് പുറമെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട ഇൻപുട്ട് ടാക്സ് ക്രെഡിറ്റിലും ക്രമക്കേട് കണ്ടെത്തിയതായി ജിഎസ്ടി അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. ഏകദേശം 2.75 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തിരിച്ചുപിടിക്കുന്നതിനും നടപടി ഉണ്ടാകുമെന്നാണ് വിവരം. ഇതോടെ കമ്പനിക്ക് ജിഎസ്ടി വകുപ്പുമായി ബന്ധപ്പെട്ട് ഏകദേശം 60 കോടിയോളം രൂപയുടെ ബാധ്യതയുണ്ടാകുന്ന സാഹചര്യമാണുള്ളത്.
സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം സെപ്റ്റംബർ ഏഴിന് സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിലാണ് 25.78 കോടി രൂപയുടെ നികുതി ബാധ്യത ചൂണ്ടിക്കാട്ടിയത്. ബാങ്ക് ഇടപാടുകളിലും പ്രഖ്യാപിച്ച ജിഎസ്ടി വിറ്റുവരവിലും വലിയ പൊരുത്തക്കേടുണ്ടെന്നും റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
അതേസമയം, നികുതി ബാധ്യത സംബന്ധിച്ച ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തലുകളെ കമ്പനി ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. മെസ്സിയോ അർജന്റീന ടീമോ കേരളത്തിൽ എത്തിയില്ലെന്നും അതിനാൽ ബന്ധപ്പെട്ട സേവനം ലഭിച്ചിട്ടില്ലെന്നുമാണ് കമ്പനിയുടെ ഭാഗത്തുനിന്നുള്ള നിലപാട്. ഈ വാദം ഉൾപ്പെടെ തുടർന്നുള്ള നിയമനടപടികളിൽ പരിശോധിക്കപ്പെടും.
