മെസിയുടെ പേരിലെ തട്ടിപ്പ്: എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയിൽ

ആൻ്റോ

കൊച്ചി: മെസിയെ കേരളത്തിലേക്ക് എത്തിക്കാം എന്ന പേരിലുള്ള തട്ടിപ്പിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയിൽ. ഹർജിയിൽ സർക്കാരിനോട് കോടതി മറുപടി തേടി. 10 ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. 2022 ലോകകപ്പ് നേടിയ അർജന്‍റീന ടീമിനെയും നായകൻ ലയണൽ മെസിയേയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ ആന്‍റോ അഗസ്റ്റിനും, റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയുമാണ് നിലവിൽ പ്രതിപട്ടികയിലുള്ളത്.

എഫ്ഐആറിൽ പറഞ്ഞിരിക്കുന്ന ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്ന് ഹർജിയിൽ പറയുന്നു. സർക്കാരിനെ എങ്ങനെ വഞ്ചിച്ചു എന്ന് എഫ്ഐആറിൽ പറയുന്നില്ല. കരാറിലെ വിവരങ്ങളും 5 കോടി ഒഴിവാക്കിയതും തമ്മിൽ ബന്ധം ഇല്ല. മിനൽ ഗൂഢാലോചനയ്ക്ക് നിയമവിരുദ്ധമായ കാര്യം ചെയ്യാൻ ധാരണയുണ്ടായി എന്ന് കാണിക്കുന്ന കൃത്യമായ വിവരങ്ങൾ ഇല്ലെന്നും സർക്കാരിന് ഉണ്ടായ നഷ്ടം എത്രയെന്ന്, അല്ലെങ്കിൽ ഡെപ്പോസിറ്റ് കെട്ടിവെക്കണം എന്ന് കാണിക്കുന്ന കൃത്യമായ വിവരങ്ങൾ ഇല്ലെന്നും ഹർജിയിൽ പറയുന്നു.

അതേസമയം ആന്റോ അഗസ്റ്റിനെതിരെ ഇഡി കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇസിഐആർ രജിസ്റ്റർ ചെയ്തു. പൊലീസ് കേസിന്റെ അടിസ്ഥാനത്തിലാണ് ഇസിഐആർ. മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ കളമശ്ശേരി പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നിർണായക ഇടപെടൽ.

തട്ടിപ്പ് പദ്ധതിയുടെ മറവിൽ കള്ളപണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന അന്വേഷണമാണ് ഇഡി നടത്തുക. കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇ.ഡി വിശദമായി പരിശോധിക്കും. സ്റ്റേഡിയം വിട്ടുനൽകുമ്പോൾ അഞ്ച് കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണമെന്ന ചട്ടം പാലിക്കാതെയാണ് റിപ്പോർട്ടർ കമ്പനിക്ക് സ്റ്റേഡിയം കൈമാറിയത്.

Tags

Share this story