മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എ.ഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ; നടപടി വൈറലായതിന് പിന്നാലെ

ഡാൻസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിലും പവർകട്ടിലും പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ എ.ഐ (AI) ഡാൻസ് വീഡിയോ മെറ്റ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തു. 'എ.ഐ കവല' എന്ന ഇൻസ്റ്റഗ്രാം പേജ് തയ്യാറാക്കിയ വിഡിയോ ആണ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കിയത്.

​കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി നൃത്തം ചെയ്യുന്ന രീതിയിലായിരുന്നു ഡിജിറ്റൽ നിർമ്മിതി. സർക്കാരിന്റെ പുതിയ നയങ്ങൾക്കെതിരെയും വൈദ്യുതി പ്രതിസന്ധിക്കെതിരെയും ഉള്ള സർഗ്ഗാത്മക പ്രതിഷേധമെന്ന നിലയിൽ വിഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം തരംഗമായിരുന്നു. 1.7 കോടിയിലധികം ആളുകളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വിഡിയോ കണ്ടത്.

​വിഡിയോ വൈറലായതിന് പിന്നാലെ പൊതുവേദിയിൽ സംസാരിക്കവെ മുഖ്യമന്ത്രി തന്നെ ഈ ട്രോളിനെക്കുറിച്ച് തമാശരൂപേണ പരാമർശിച്ചിരുന്നു. എഐ വിഡിയോയിലെ തന്റെ ഡാൻസ് സിനിമാ താരങ്ങളെക്കാൾ നന്നായിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ സമാധാനപരമായ പ്രതികരണം.

​എന്നാൽ, വിഡിയോ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മെറ്റ ഔദ്യോഗികമായി കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം, എ.ഐ പോളിസികളുടെ ലംഘനം, വ്യക്തിപരമായ പരാതികൾ അല്ലെങ്കിൽ പശ്ചാത്തല സംഗീതത്തിന്റെ പകർപ്പവകാശ പ്രശ്നങ്ങൾ (Copyright rules) എന്നിവയാകാം വിഡിയോ ഇന്ത്യയിൽ ബ്ലോക്ക് ചെയ്യാൻ കാരണമായതെന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തൽ.

​വിഡിയോ ബ്ലോക്ക് ചെയ്യപ്പെട്ട വിവരം 'എ.ഐ കവല' തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പുറത്തുവിട്ടത്. വിഡിയോ നീക്കം ചെയ്തതിനെതിരെ ഇൻസ്റ്റഗ്രാമിൽ വലിയ പ്രതിഷേധവും ട്രോളുകളും ഉയരുന്നുണ്ട്.

Tags

Share this story