ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

രമേശ്

തിരുവനന്തപുരം: കേരള രാഷ്ട്രീയവും മൈക്കുകളും തമ്മിലുള്ള 'പക' ഭരണം മാറിയിട്ടും തുടരുകയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശനെയും പലപ്പോഴായി പ്രതിരോധത്തിലാക്കിയ മൈക്ക്, ഇത്തവണ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെയാണ് തിരിഞ്ഞത്. എന്നാൽ ഒട്ടും പതറാതെ ചെന്നിത്തല എറിഞ്ഞ 'തഗ്ഗ്' മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

​തിരുവനന്തപുരത്ത് വെച്ച് നടന്ന 'ഹരിവരാസനം' എന്ന പുതിയ സിനിമയുടെ പൂജാവേദിയിലാണ് സംഭവം. 'തൂഫാൻ' പദ്ധതിയുടെ ഭാഗമായി സിനിമയുടെ അണിയറപ്രവർത്തകരെ 'തൂഫാൻ വാരിയേഴ്‌സ്' ആയി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു മന്ത്രി.

​വേദിയിലുണ്ടായിരുന്നവർക്ക് തൂഫാൻ വാരിയേഴ്‌സ് ബാഡ്ജ് ധരിപ്പിച്ചു നൽകിയ ശേഷം അദ്ദേഹം പ്രസംഗിക്കാൻ ഒരുങ്ങവെയാണ് മൈക്കിൽ പെട്ടെന്ന് തകരാർ അനുഭവപ്പെട്ടത്. ഈ ഘട്ടത്തിലാണ് മുൻപ് പിണറായി വിജയന്റെ കാലത്തുണ്ടായ മൈക്ക് വിവാദങ്ങളെയും, തൊട്ടുമുൻപ് നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട മൈക്ക് കെണിയെയും ഓർമ്മിപ്പിച്ചു കൊണ്ട് ചെന്നിത്തല കൗണ്ടറടിച്ചത്.

"ഭരണം മാറിയിട്ടും മൈക്കിന്റെ വിഷയം മാറിയിട്ടില്ല എന്നുള്ളതാണ്... മൈക്ക് ഇനിയും ബുദ്ധിമുട്ടിക്കില്ലെന്ന് കരുതുകയാണ്!"

– രമേശ് ചെന്നിത്തല

​മന്ത്രിയുടെ ഈ അപ്രതീക്ഷിത തഗ്ഗ് കേട്ടതോടെ വേദിയിലും സദസ്സിലും ഇരുന്നവർക്കിടയിൽ വലിയ ചിരി പടർന്നു.

​ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായതും തുടർന്ന് പോലീസ് കേസെടുത്തതുമൊക്കെ വലിയ വാർത്തയായിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സംസാരിച്ച് കഴിഞ്ഞ് ഓഫാകാതിരുന്ന മൈക്കിലൂടെ പുറത്തുവന്ന സ്വകാര്യ സംഭാഷണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പുതിയ കൗണ്ടർ എന്നതും ശ്രദ്ധേയമാണ്.

Share this story