വാട്‌സാപ്പിലൂടെ പരിചയപ്പെട്ട വനിതക്ക് സൈനിക രഹസ്യങ്ങള്‍ കൈമാറി; കരസേനാ മുന്‍ ക്യാപ്റ്റന്‍ അറസ്റ്റില്‍

ചോർച്ച

ചെന്നൈ: സൈനിക രഹസ്യങ്ങള്‍ വനിതാ സുഹൃത്തിന് കൈമാറിയതിന് കരസേനാ മുന്‍ ക്യാപ്റ്റന്‍ അറസ്റ്റില്‍. കരസേനയില്‍ 28 വര്‍ഷം ജോലിചെയ്ത വെല്ലൂര്‍ ജില്ലയിലെ കീഴ്വെള്ളം സ്വദേശി റിട്ട. ക്യാപ്റ്റന്‍ പി ബാബു(52) ആണ് അറസ്റ്റിലായത്. ഒരുവര്‍ഷം മുമ്പ് ഇയാളുമായി സൗഹൃദം സ്ഥാപിച്ച സ്ത്രീയെ കണ്ടെത്തിയിട്ടില്ല.

2025-ലാണ് മിലിട്ടറി എക്യുപ്മെന്റ് ഡിവിഷനില്‍ നിന്ന് ക്യാപ്റ്റനായി ബാബു വിരമിച്ചത്. ആയുധങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇയാള്‍ വാട്‌സാപ്പിലൂടെ വനിതാ സുഹൃത്തിന് പറഞ്ഞുകൊടുത്തത്. ഒരു വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയ വഴിയാണ് ബാബുവും യുവതിയും സൗഹൃദം തുടങ്ങിയത്. ഇവരുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളോടു ചോദിച്ചു മനസ്സിലാക്കിയ കാര്യങ്ങളും ഇയാള്‍ പങ്കുവച്ചിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിവരം അറിയിച്ചതോടെയാണ് പിടിയിലായത്.

ഡി ആര്‍ ഡി ഒ ഉദ്യോഗസ്ഥ എന്ന വ്യാജേന ബാബുവുമായി ബന്ധപ്പെട്ട സ്ത്രീ വിദേശ വനിതയാണോ എന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ പ്രോജക്ടിനായി ജോലി ചെയ്യുന്ന വ്യക്തിയാണെന്ന് അവകാശപ്പെട്ടാണ് യുവതി ബാബുവിനെ വാട്സ്ആപ്പിലൂടെ ബന്ധപ്പെടുന്നത്. പ്രോജക്ട് ആവശ്യങ്ങള്‍ക്കെന്ന വ്യാജേന ഇവര്‍ പ്രതിയില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.

സൈനിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ബാബു ഇവര്‍ക്ക് കൈമാറിയതായാണ് വിവരം. തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോല ബാബവിന്റെ മൊബൈല്‍ നമ്പര്‍ നിരീക്ഷിച്ചപ്പോഴാണ് തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങള്‍ കൈമാറിയതായി കണ്ടെത്തിയത്. കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് ശേഷം ശനിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ബാബുവിനെ കോടതി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Tags

Share this story