സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം 28ന് മുമ്പ് ക്യാമറ ഘടിപ്പിക്കണമെന്ന് മന്ത്രി ആന്റണി രാജു

Antony Raju

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. ഈ മാസം 28ന് മുമ്പ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാകുന്ന തരത്തിലാകണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും

ഓരോ ബസുകളും നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാൻ ചുമതല ഓരോ ഉദ്യോഗസ്ഥർക്കും നൽകും. ഈ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാൽ ഉദ്യോഗസ്ഥൻ കൂടി ഇതിന് ഉത്തരവാദിയായിരിക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമർശിച്ച് നിലപാട് എടുത്തതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. കെ എസ് ആർ ടി സി ബസുകളിലും ക്യാമറ ഘടിപ്പിക്കും. ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാനും യോഗം തീരുമാനിച്ചു.
 

Share this story