ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം കാര്യക്ഷമമായി അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

radhakrishnan

കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം കാര്യക്ഷമമമായി അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ആദിവാസികൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങൾ ഗൗരവമായി കാണുന്നു. തെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കും. ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് തീർത്തു പറയാനാകില്ല. സമൂഹത്തിന്റെ ധാരണയാണ് മാറേണ്ടതെന്നും മന്ത്രി പറഞ്ഞു

നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അട്ടപ്പാടി മധു വധക്കേസുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ആദിവാസികൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ സമൂഹത്തിൽ ബോധവത്കരണം നടത്തേണ്ടതുണ്ട്. വലിയ രീതിയിലുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. അത് തന്നെയാണ് കേരളത്തിൽ ഇത്തരം ആക്രമണങ്ങൾ കുറയുന്നതിന്റെ കാരണമെന്നും മന്ത്രി പറഞ്ഞു

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. പട്ടിക ജാതി വിഭാഗങ്ങളിൽ, ഈ വർഷത്തെ കണക്കനുസരിച്ച് 2022ൽ മാത്രം 1.11 ശതമാനമാണ് ആക്രമണങ്ങൾ വർധിച്ചിരിക്കുന്നത്. ആദിവാസികളുടെ കാര്യത്തിലിത് 6.4 ശതമാനമാണിത്.

രാജ്യത്ത് എസ്സി വിഭാഗത്തിനെതിരെ ഇത്തരം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്ത് യുപിയാണ്. എസ്ടി വിഭാഗത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് മധ്യപ്രദേശാണ്. ഈ രണ്ട് വിഭാഗങ്ങളിലും രണ്ടാം സ്ഥാനത്ത് രാജസ്ഥാനാണെന്നും മന്ത്രി പറഞ്ഞു

Share this story