വാഴപ്പിണ്ടി നട്ടെല്ലുള്ള പ്രതിപക്ഷം പറയുന്നത് സ്പീക്കർ കേൾക്കരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

riyas

നട്ടെല്ല് വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് സ്പീക്കർ കേൾക്കരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതോടെ സഭ ബഹളത്തിൽ മുങ്ങി. ഇതിനിടെ ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന ആരംഭിച്ചു. മാർച്ച് 13 ന് ബ്രഹ്മപുരത്തെ പുക പൂർണമായും കെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 250 ഫയർ ഫോഴ്‌സ് യൂണിറ്റ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് തീ അണച്ചത്. പങ്കെടുത്ത മുഴുവൻ പേരെയും അഭിനന്ദിക്കുന്നു. മാർച്ച് 3 ന് കൺട്രോൾ റൂം തുറന്നു. പ്രവർത്തനങ്ങൾ മന്ത്രിതലത്തിൽ ഏകോപിപ്പിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.


അതേസമയം ബ്രഹ്മപുരത്ത് ജാഗ്രത തുടരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. തീ അണയ്ക്കുന്നതിൽ ആദ്യഘട്ടത്തിൽ പലവിധ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എല്ലാം പെട്ടെന്ന് പരിഹരിച്ചു. മാലിന്യം ഇളക്കി മറിച്ച ശേഷം വെള്ളം പാമ്പ് ചെയ്യുന്ന രീതിയാണ് ബ്രഹ്മപുരത്ത് അവലംബിച്ചത്. ഏതു സാഹചര്യത്തെയും നേരിടാനുള്ള മുൻകരുതലുകൾ ആരോഗ്യവകുപ്പ് സ്വീകരിച്ചു. വായു ഗുണനിലവാരം നിരന്തരം വിലയിരുത്തി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ആർക്കും ഉണ്ടായില്ല. അശാസ്ത്രീയ മാലിന്യ സംസ്‌കരണമാണ് മുൻകാലത്ത് ബ്രഹ്മപുരത്ത് നടന്നുവന്നിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share this story