കുടുംബസമേതം വിദേശയാത്ര പോകാനുള്ള ആസ്തിയൊക്കെ മുഖ്യമന്ത്രിക്കുണ്ടെന്ന് മന്ത്രി ശിവൻകുട്ടി

sivankutty

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്വന്തം കൈയ്യിൽ നിന്നും കാശുമുടക്കി മുഖ്യമന്ത്രി യാത്ര പോകുന്നതിൽ എന്താണ് തെറ്റെന്നും സി പി എമ്മുകാർക്ക് മാത്രം ഇതൊന്നും പാടില്ലെന്നുള്ള ചിന്താഗതി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേയെന്നും മന്ത്രി ചോദിച്ചു.

രാഷ്ട്രീയ രംഗത്തുള്ളവർ വ്യക്തിപരമായ ആവശ്യങ്ങൾക്കായി കുടുംബത്തോടൊപ്പം വിദേശയാത്ര പോകാറുണ്ട്, അവരുടെ സ്വന്തം ചിലവിൽ. ഭാരതയാത്ര കഴിഞ്ഞ ശേഷം രാഹുൽ ഗാന്ധി ആരോടും പറയാതെ കുറച്ചുനാൾ വിദേശത്തായിരുന്നു. അന്ന് ആർക്കും യാതൊരു പ്രശ്‌നവുമില്ല. സിപിഎമ്മുകാർക്ക് മാത്രം സ്വന്തം കാശ് മുടക്കി വിദേശ യാത്ര പോകാൻ പാടില്ലേ? ഇത്തരം ചർച്ചകൾ ഒട്ടും ശരിയല്ല.

ചുമതല കൈമാറേണ്ട കാര്യമില്ല. വിദേശയാത്രക്ക് പോകുമ്പോൾ ഫയലുകൾ പരിശോധിക്കാൻ അത്യാധുനിക സംവിധാനങ്ങളൊക്കെ ഉണ്ടല്ലോ. മന്ത്രിസഭ യോഗം നീട്ടിവെച്ചത് ഒന്നോ രണ്ടോ അജണ്ടകൾ മാത്രം ഉണ്ടായിരുന്നത് കൊണ്ടാണ്. മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺ ആരാണെന്നൊക്കെ പ്രതിപക്ഷം ചോദിക്കുന്നത് തന്നെ ശരിയായ രീതിയല്ല . കുടുംബ സമേതം വിദേശയാത്ര പോകാനുള്ള ആസ്തിയൊക്കെ മുഖ്യമന്ത്രിക്കുണ്ട്. അക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു
 

Share this story