ജീവനക്കാരന് കൊവിഡ്; മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു
Jul 28, 2020, 17:49 IST
ഔദ്യോഗികവസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്ന് നടന്ന ആന്റിജൻ പരിശോധനയിലാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ നിരീക്ഷണത്തിൽ പോകാൻ മന്ത്രി തീരുമാനിക്കുകയായിരുന്നു.
മന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാലും മുൻകരുതലെന്ന നിലയിൽ നിരീക്ഷണത്തിൽ പ്രവേശിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. രോഗം സ്ഥിരീകരിച്ചയാൾക്കൊപ്പം ജോലി ചെയ്തിരുന്ന മറ്റ് ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാനും നിർദേശിച്ചു.