ദുരിതാശ്വാസ നിധി ദുർവിനിയോഗം: ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ

sasikumar

ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസിൽ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ. റിട്ട് ഹർജി നൽകുമെന്ന് പരാതിക്കാരനായ ആർ.എസ്.ശശികുമാർ അറിയിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് തീരുമാനം. ലോകായുക്ത ഉത്തരവിൽ അവ്യക്തതകൾ ഉണ്ടെന്നും ശശികുമാർ പറയുന്നു.

ഇന്നലെയാണ് ഭിന്നാഭിപ്രായത്തെ തുടർന്ന് കേസ് വിശാല ബെഞ്ചിനു ലോകയുക്ത വിട്ടത്. ദുരിതാശ്വാസനിധിയിൽ നിന്ന് പണം നൽകാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടോ എന്ന കാര്യത്തിലും, മന്ത്രിസഭ എടുത്ത തീരുമാനത്തിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലുമായിരുന്നു ഭിന്നാഭിപ്രായം. വിശാല ബെഞ്ച് എന്ന് കേസ് പരിഗണിക്കുമെന്ന് നിശ്ചയിച്ചിട്ടില്ല.

മുഖ്യമന്ത്രിയെയും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരേയും പ്രതിയാക്കിയായിരുന്നു ഹർജി. അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ എ കെ.കെ രാമചന്ദ്രന്റെയും അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയതിന് എതിരെയായിരുന്നു പരാതി.
 

Share this story