അട്ടപ്പാടി ആശുപത്രിയിൽ നിന്ന് കാണാതായ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി; കൊണ്ടുപോയത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി
Apr 12, 2025, 15:41 IST
                                            
                                                
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് കാണാതായ നാല് മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തി. മോലേമുള്ളി സ്വദേശിനി സംഗീതയുടെ കുഞ്ഞിനെയാണ് തിരിച്ചുലഭിച്ചത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയാണ് കുട്ടിയെ തട്ടിയെടുത്തത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. ഇവർ പിന്നീട് കുട്ടിയെ തിരിച്ചു കൊണ്ടുവന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തട്ടിക്കൊണ്ടുപോയത് എന്തിനെന്ന് വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുറച്ച് ദിവസമായി കുഞ്ഞ് ഇവിടെ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കുഞ്ഞ് കിടക്കുന്ന കിടക്കയുടെ തൊട്ടടുത്ത് മറ്റൊരു രോഗിയെത്തി. ഇവരുടെ കൂട്ടിരിപ്പുകാരി എന്ന രീതിയിൽ ഒരു സ്ത്രീയും ഇവിടെയുണ്ടായിരുന്നു. ഇന്നുച്ചയ്ക്ക് കുഞ്ഞിന്റെ അമ്മയെ ഭക്ഷണം കഴിച്ച് വന്നോളൂ, കുട്ടിയെ ഞാൻ നോക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവിടെ നിന്ന് മാറ്റുകയായിരുന്നു. അമ്മ ഭക്ഷണം കഴിക്കാൻ പോയി തിരികെ വന്നപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് അഗളി പോലീസിനെ വിളിച്ചത്.
                                            
                                            