ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; സംയുക്ത സംഘടനകൾ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ പ്രാബല്യത്തില്‍ വരാനിരിക്കെ നാളെ മുതൽ സമരം പ്രഖ്യാപിച്ച് സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബഹിഷ്കരണം പിന്‍വലിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നുമാണ് സിഐടിയുവിൻ്റെ മുന്നറിയിപ്പ്.

സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകൾ സംയുകതമായി ചേർന്നാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ടും ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കിയുമായിരിക്കും സമരം. ഡ്രൈവിങ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മന്ത്രി ഏകപക്ഷീയമായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കള്‍ വ്യക്തമാക്കി. ആര്‍ടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സിഐടിയു പറഞ്ഞു.

നേരത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കുന്നതെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെ ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല തുടങ്ങി മെയ് 2 മുതല്‍ വലിയ പരിഷ്‌കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിര്‍ദേശം.

Share this story