മാസപ്പടി കേസ്: വീണ ടിയ്ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ് കേന്ദ്രീകരിച്ച് ഇഡി അന്വേഷണം ശക്തമാക്കുന്നു

Veena ED New

കൊച്ചി: വിവാദപരമായ സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കേസിൽ വീണ ടിയ്ക്ക് പങ്കാളിത്തമുള്ള 'ലേക്കർ ഇന്ത്യ കോർപ്' (Laker India Corp) എന്ന സ്ഥാപനം കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം വിപുലീകരിക്കുന്നു. ഈ സ്ഥാപനം ഒരു ഷെൽ കമ്പനിയാണോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം.

​കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനിക്ക് സ്വന്തമായി ഓഫീസില്ലെന്നും നൽകിയിട്ടുള്ള മേൽവിലാസത്തിൽ വലിയ ദുരൂഹതകളുണ്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. 2023-ൽ രജിസ്റ്റർ ചെയ്ത ഈ സ്ഥാപനം മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കമ്പനിയെന്നാണ് ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കിയിട്ടുള്ളത്. കേസിന്റെ ഭാഗമായി ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ അക്കൗണ്ടിലുണ്ടായിരുന്ന 15.57 ലക്ഷം രൂപ ഇഡി മുൻപ് മരവിപ്പിച്ചിരുന്നു.

​നിയാസ് എന്ന വ്യക്തിയാണ് ഈ കമ്പനിയിലെ മറ്റൊരു പങ്കാളി. ആദ്യം നൽകിയ മൊഴികളിലൊന്നും വീണ ഈ കമ്പനിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ലെങ്കിലും, വസതിയിൽ നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ടാമത്തെ ചോദ്യം ചെയ്യലിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ നിർബന്ധിതയാവുകയായിരുന്നു.

​സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക എവിടെയൊക്കെയാണ് നിക്ഷേപിച്ചതെന്ന് കണ്ടെത്തുന്നതിനായി അടുത്തിടെ കോഴിക്കോട്ടക്കം വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് കമ്പനിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 2.78 കോടി രൂപ എന്ത് ചെയ്തു എന്ന ചോദ്യത്തിന് വീണ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നു. 

Tags

Share this story