മാസപ്പടി കേസ്; പിണറായി വിജയനും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരായ ഹ‍‍ർജി ഇന്ന് ഹൈക്കോടതിയിൽ

PV RI

മാസപ്പടി കേസിൽ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയനും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ ചോദ്യം ചെയ്തുള്ള ഹ‍‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകൻ കെ.എം ഷാജഹാൻ നൽകിയ ഹർജി ജസ്റ്റിസ് എ. ബദറുദ്ദീൻ പരിഗണിക്കും. ഇഡി കൈമാറിയ റിപ്പോർട്ടിലും തെളിവുകളിലും പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നാണ് ഹ‍‍ർജിയിലെ വാദം. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നും, വ്യക്തമായ തെളിവുകൾ കൈമാറിയ സാഹചര്യത്തിൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യേണ്ടതായിരുന്നുവെന്നും ഹർജിക്കാരൻ പറയുന്നു.

എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധമാണെന്നും ഹരജിയിൽ ആരോപിക്കുന്നു. ഇതിന് പിന്നിൽ ഒത്തുകളിയുണ്ടെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഫയലുകളും രേഖകളും ആഭ്യന്തര വകുപ്പിൽനിന്ന് വിളിച്ചുവരുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. നിലവിൽ ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സർക്കാർ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.

സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. പിണറായി വിജയൻ, ടി.വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശുപാർശ. ആരോപണങ്ങൾ സംബന്ധിച്ച അന്തിമ നിയമനടപടി അന്വേഷണത്തിന്റെയും തുടർ നിയമനടപടികളുടെയും അടിസ്ഥാനത്തിലായിരിക്കും.

Tags

Share this story