മാസപ്പടി കേസ്: വീണ വിജയനെ രണ്ടാം തവണയും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

Veena ED

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് (മാസപ്പടി) കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കുരുക്ക്. കേപ്പിൽ രണ്ടാം തവണയും ചോദ്യം ചെയ്യുന്നതിനായി ഈ മാസം 29-ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് അധികൃതർ സമൻസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് വീണ വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.

​കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള വീണയുടെ ലോക്കർ ഇഡി ഉദ്യോഗസ്ഥർ തുറന്ന് പരിശോധിച്ചിരുന്നു. ഈ പരിശോധനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം. നേരത്തെ ജൂൺ 17-ന് നടത്തിയ ആദ്യഘട്ട ചോദ്യം ചെയ്യലിൽ വീണ നൽകിയ പല മറുപടികളും തൃപ്തികരമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സിഎംആർഎൽ കമ്പനിക്ക് എക്സാലോജിക് വഴി എന്തെങ്കിലും തരത്തിലുള്ള ഐടി സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന കൃത്യമായ രേഖകൾ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാണിക്കുന്നു.

​ബാങ്ക് ലോക്കർ പരിശോധനയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ജൂൺ 29-ന് നടക്കുന്ന രണ്ടാം ഘട്ട ചോദ്യം ചെയ്യൽ. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.

Tags

Share this story