പള്ളുരുത്തി സ്‌കൂളില്‍ നിന്നും ടി സി വാങ്ങാനൊരുങ്ങി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍

കൊച്ചി: ഹിജാബ് വിവാദത്തിന് പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ നിന്നും കൂടുതല്‍ കുട്ടികള്‍ ടി സി വാങ്ങാനൊരുങ്ങുന്നു. ഇതര മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം സൂക്ഷിക്കുന്ന അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമിടയില്‍ കുഞ്ഞുങ്ങള്‍ വളരുന്നത് ഭാവി തകര്‍ക്കുമെന്നാണ് ടി സി വാങ്ങാനൊരുങ്ങിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാവ് അറിയിച്ചത്. ടിസി ആവശ്യപ്പെട്ട് വെള്ളിയാഴ്ച അപേക്ഷ നല്‍കി. അടുത്ത പ്രവര്‍ത്തി ദിനമായ ചൊവ്വാഴ്ച ടി സി ലഭിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും രക്ഷിതാവ് പറഞ്ഞു.
പുതുതായി ചേര്‍ക്കാന്‍ പോകുന്ന സ്‌കൂളിലെ അധ്യാപികയായ കന്യാസ്ത്രീ തങ്ങളെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴുണ്ടായ അനുഭവവും യുവതി പങ്കുവെച്ചു. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്‌കൂളിന് ഉള്ളതെന്നും മക്കള്‍ക്ക് ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും 'ഔവര്‍ ലേഡീസ് കോണ്‍വെന്റ്' സ്‌കൂളിലെ അധ്യാപിക പറഞ്ഞതായാണ് രക്ഷിതാവ് പങ്കുവെച്ചത്.
രക്ഷിതാവിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷിതാവാണ് ഞാന്‍. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയോട് സ്‌കൂള്‍ പ്രിന്‍സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഞങ്ങളെ വളരെയേറെ ഭയപ്പെടുത്തിയിരിക്കുന്നു. ഞാന്‍ ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെണ്‍കുട്ടിയെ കാണുന്നത് മറ്റുള്ളവരില്‍ ഭയം സൃഷ്ട്ടിക്കുമെന്ന പ്രസ്താവന എന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതാണ്. മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നതിനാലാണ് അവരുടെത്തന്നെ വിദ്യാര്‍ഥിയോട് ഈ രീതിയില്‍ പെരുമാറിയത്. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമിടയില്‍ എന്റെ കുഞ്ഞുങ്ങള്‍ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍ അവര്‍ രണ്ട് പേരുടെയും ടി. സി വാങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ടി.സിക്ക് വേണ്ടി സ്‌കൂളില്‍ വെള്ളിയാഴ്ച അപേക്ഷ നല്‍കിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞേ നല്‍കാനാവൂ എന്നാണ് സ്‌കൂളില്‍ നിന്ന് അറിയിച്ചത്. അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച ടി.സി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിലാണ് ഞങ്ങള്‍ കുട്ടികളെ ചേര്‍ക്കുന്നത്. ആ സ്‌കൂളിലെ അധ്യാപികയായ ഒരു കന്യാസ്ത്രീ എന്നെ വിളിച്ചിരുന്നു. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്‌കൂളിന് ഉള്ളതെന്നും മക്കള്‍ക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവരെനിക്ക് ഉറപ്പുതന്നു. അത്തരം സന്മനസ്സുള്ള അധ്യാപകരുടെ അടുത്ത് എന്റെ മക്കള്‍ വളരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിയെ പുറത്തുനിര്‍ത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കുട്ടിയെ ക്ലാസില്‍ ഇരുത്തിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സ്‌കൂള്‍ നിയമങ്ങള്‍ പാലിച്ച് വന്നാല്‍ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞത്. എന്നാല്‍ വിദ്യാര്‍ത്ഥി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണെന്ന് പിതാവ് അറിയിച്ചു. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്.