അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ച സംഭവം; കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
Feb 26, 2026, 10:14 IST
ആലപ്പുഴ പള്ളിത്തോട് അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ കുഴിച്ചുമൂടിയ സംഭവം കൊലപാതകമല്ലെന്ന് പോലീസ്. രാധയുടേത്(75) സ്വാഭാവിക മരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തൽ. അമ്മ രാധയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന സംശയത്തിൽ മകൻ ഗിരീഷിനെ(49) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇയാളെ പോലീസ് വിട്ടയക്കും. രാധയുടെ ശരീരത്തിൽ മുറിവുകളോ ആന്തരിക ക്ഷതമോ ഇല്ല. മരണം വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ്. ദുരൂഹതയെ തുടർന്ന് ഇന്നലെയാണ് രാധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്
ചൊവ്വാഴ്ച രാവിലെയാണ് അമ്മ മരിച്ചെന്നും താൻ തന്നെ വീടിന് മുന്നിൽ കുഴിയെടുത്ത് സംസ്‌കരിച്ചെന്നും ഗിരീഷ് നാട്ടുകാരോട് പറഞ്ഞത്. ഗിരീഷ് സ്ഥിരം മദ്യപാനിയാണ്. അമ്മയെ മദ്യപിച്ച് മർദിക്കുന്നതും പതിവായിരുന്നു. ഇതോടെയാണ് സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചത്.
