അർജുൻ ആയങ്കിക്കെതിരെ 'കാപ്പ' ചുമത്താൻ നീക്കം: കൊടുംക്രിമിനലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് നൽകും
കണ്ണൂർ : അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോർട്ട് നൽകും. അർജുനെതിരെ രണ്ട് വധ ശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ കേസും , തട്ടി കൊണ്ട് പോകൽ കേസും, അടക്കം ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നൽകിയിരുന്നു. അർജുനെതിരെ വളപ്പട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രമുള്ളത് 12 കേസുകളാണ്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസികളിൽ അർജുൻ പ്രതിയാണ്. ഉടൻ കാപ ചുമത്താനുള്ള റിപ്പോർട്ട് കളക്ടർക്ക് നൽകാനാണ് നീക്കം.
പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ വിവരമാണ് നിർണായകമായത്. പൊലീസിനെ വെല്ലുവിളിച്ച്, കണ്ണൂർ തളിപ്പറമ്പിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് സംശയിച്ച് ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് വിളിച്ച് കാറുമായി സുഹൃത്തിനെ വരുത്തി. കണ്ണൂർ ടൗണിലേക്ക് എത്തിയത് ഈ കാറിൽ ആയിരുന്നു. ഓട്ടോ ഡ്രൈവർ പൊലീസിനെ വിവരം അറിയിച്ചതോടെ കുടുങ്ങി. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിലെ നടപടികൾക്ക് ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികളെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
