എംടിയുടെ വിമർശനം കേരള സമൂഹത്തിന്റെ വികാരം, കേരള ജനത ഏറ്റെടുക്കും: കെ സുരേന്ദ്രൻ

K Surendran

എംടി വാസുദേവൻ നായർ നടത്തിയ വിമർശനം കേരള സമൂഹത്തിന്റെ വികാരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പിണറായി വിജയനെ വേദിയിലിരുത്തി ഭരണാധികാരികൾ ജനസേവനമാണ് ചെയ്യേണ്ടതെന്ന എംടിയുടെ ഉപദേശം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ്. വ്യക്തിപൂജ കമ്മ്യൂണിസ്റ്റുകാർ എതിർക്കുന്നതാണെന്ന് പറയുമ്പോൾ കേരളത്തിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് വ്യക്തിപൂജ നടത്തുകയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരെന്നും സുരേന്ദ്രൻ പറഞ്ഞു.

എംടിയുടെ ശബ്ദം കേരള ജനത ഏറ്റെടുക്കും. പിണറായി വിജയനെ ദൈവത്തിന്റെ വരദാനമായാണ് സഹമന്ത്രിമാർ പോലും വാഴ്ത്തുന്നത്. സൂര്യനായാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായിയെ വിശേഷിപ്പിച്ചത്. ഇത് എന്ത് തരം കമ്മ്യൂണിസമാണെന്ന് എംടിയെ പോലൊരാൾ ചിന്തിച്ചിട്ടുണ്ടാകും. കടലിലെ വെള്ളം ബക്കറ്റിലെടുത്താൽ ബക്കറ്റിലെ വെള്ളത്തിന് വിലയുണ്ടാവില്ലെന്നും കടലിലെ വെള്ളം കടലിനോട് ചേർന്ന് നിന്നാലേ വിലയുണ്ടാകുകയുള്ളൂവെന്നും വിഎസിനെ ഉപദേശിച്ച പിണറായി ഇപ്പോൾ വെറും ചിരട്ടയിലെ വെള്ളമായി മാറിക്കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.

Share this story