അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാൻ അനുവദിക്കില്ലെന്ന് മുതലമട പഞ്ചായത്ത്

arikomban

മൂന്നാർ, ചിന്നക്കനാൽ മേഖലയിൽ ജനജീവിതത്തിന് ഭീഷണിയായ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി മുതലമട പഞ്ചായത്ത്. ഒരു കാരണവശാലും അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാൻ അനുവദിക്കില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത് അറിയിച്ചു. മുതലമടയിൽ ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം

അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ സമരത്തിലേക്ക് നീങ്ങാനാണ് പറമ്പിക്കുളത്തെ ആളുകളുടെ തീരുമാനം. കാട്ടാനയെ ഇങ്ങോട്ടേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകും. ആദിവാസി മേഖലയായ പറമ്പിക്കുളത്ത് പത്ത് കോളനികളുണ്ട്. 611 ആദിവാസി കുടുംബങ്ങൾ ഇവിടെയുണ്ട്. 

കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്നും താഴേക്ക് ഇറങ്ങി വന്ന് മുതലമട, കൊല്ലങ്കോട് ഭാഗത്ത് നാശനഷ്ടങ്ങളുണ്ടാക്കിയത്. കൃഷിക്ക് പ്രാധാന്യമുള്ള പ്രദേശമാണിത്. വ്യാപക കൃഷിനാശമാണ് കാട്ടാനകൾ ഉണ്ടാക്കുന്നത്. ഇതുകൂടാതെയാണ് അരിക്കൊമ്പനെ കൂടി ഇവിടേക്ക് എത്തിക്കാൻ നോക്കുന്നത്.
 

Share this story