മുല്ലപ്പെരിയാർ ഡാം തുറന്നു; മൂന്ന് സ്പിൽവേ ഷട്ടറുകൾ തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കിവിടുന്നു
Oct 18, 2025, 10:24 IST

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. മൂന്ന് സ്പിൽവേ ഷട്ടറുകൾ 75 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. 1063 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് 138.25 അടിയാണ്.
അടുത്ത ഘട്ടമായി മൂന്ന് സ്പിൽവേ ഷട്ടറുകൾ കൂടി 75 സെന്റീമീറ്റർ വീതം ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. 137.70 അടിയാണ് റൂൾ കർവ് പരിധി. ഇത് മറികടന്നതിന്റെ പശ്ചാത്തലത്തിലാണ് പെട്ടന്ന് തന്നെ സ്പിൽവേ ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നത്.
പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, ഇടുക്കി ജില്ലയിൽ പെയ്തത് തീവ്ര മഴയെന്നാണ് വിലയിരുത്തൽ. കൂട്ടാറിൽ 100 മില്ലി മീറ്ററും, വെള്ളയാംകുടിയിൽ 188 മില്ലി മീറ്റർ മഴയുമാണ് പെയ്തത്.