മുനമ്പത്തേത് വഖഫ് ഭൂമി അല്ല: നിർണായക ഉത്തരവുമായി ഹൈക്കോടതി

high court

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി. മുനമ്പത്തെ ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട്് നിയോഗിച്ച ജൂഡിഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ പരിശോധിക്കവേയാണ് കോടതി ഈ നിലപാട് സ്വീകരിച്ചത്.

നേരത്തെ മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂവെന്നും പറഞ്ഞിരുന്നു. ഈ നിലപാടിനെയാണ് ഡിവിഷൻ ബെഞ്ച് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.

മുനമ്പത്തേത് വഖഫ് ഭൂമിയായി കാണാൻ കഴിയില്ല. 1950ലെ ആധാരപ്രകാരമാണ് വഖഫ് ഭൂമി എന്ന നിലയിൽ ഫറൂഖ് കോളേജിലേക്ക് വരുന്നത്. തിരിച്ചെടുക്കാനുള്ള വ്യവസ്ഥ അതിൽ ഉൾപ്പെടുന്നു. ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറിയെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

Tags

Share this story