പാലക്കാട് റെയിൽവേ കോളനിയിലെ മധ്യവയസ്‌കന്റെ കൊലപാതകം; പ്രതി സുഹൃത്ത്, കാരണം മുൻവൈരാഗ്യം

പാലക്കാട് റെയിൽവെ കോളനി അത്താണിപറമ്പിൽ വെച്ച് മധ്യവയസ്‌കനെ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതക കാരണം മുൻവൈരാഗ്യമെന്ന് പിടിയിലായ പ്രതി രമേശ്. കൊല്ലപ്പെട്ട വേണുഗോപാൽ തന്റെ ആക്രി വസ്തുക്കൾ മോഷ്ടിച്ച് വിൽപ്പന നടത്തിയതിലെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് രമേശ് പോലീസിനോട് പറഞ്ഞത്. ആക്രി കച്ചവടക്കാരായ ഇരുവരും തമ്മിൽതർക്കം ഉണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. ഉളി പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു വേണുഗോപാലിനെ രമേശ് ആക്രമിച്ചത്. സംഭവത്തിൽ രമേഷിന്റെ അറസ്റ്റ് ഹേമാംബിക നഗർ പൊലീസ് രേഖപ്പെടുത്തി. ഇന്ന് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും ഇന്നലെയായായിരുന്നു മുട്ടിക്കുളങ്ങര സ്വദേശി വേണുഗോപാലിനെ റെയിൽവെ കോളനി അത്താണിപ്പറമ്പിലെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  

Tags

Share this story