മുട്ടില്‍ മരംമുറി: കുറ്റപത്രം മടക്കിയ സംഭവത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരോട് വിശദീകരണം തേടി വനംവകുപ്പ്
വയനാട്: മുട്ടില്‍ മരംമുറി കേസിലെ കുറ്റപത്രം കോടതി മടക്കിയതില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരോട് വിശദീകരണം തേടി വനംവകുപ്പ്. ചുമതലയുണ്ടായിരുന്ന, മേപ്പാടി റേഞ്ചിലെ രണ്ട് ബിഎഫ്ഒമാര്‍ക്കാണ് മെമ്മോ നല്‍കിയത്. കോടതി നിര്‍ദേശങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിലും ഫയലുകള്‍ കോടതിയില്‍ എത്തിക്കുന്നതിലും ബിഎഫ്ഒമാര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് മേപ്പാടി റേഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ട്. വനം വകുപ്പ് സമര്‍പ്പിച്ച ആദ്യ കുറ്റപത്രം കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബത്തേരി കോടതി ഫയലില്‍ സ്വീകരിക്കാത്തത് വലിയ വിവാദമായിരുന്നു.
വനംമന്ത്രി ഷിബു ബേബി ജോണ്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മെമ്മോ നല്‍കിയത്. ഫയലുകള്‍ കോടതിയില്‍ എത്തിക്കുന്നതിലും നിര്‍ദേശങ്ങള്‍ കൃത്യമായി അറിയിക്കുന്നതിലും വീഴ്ച ഉണ്ടായെന്നാണ് വകുപ്പ് തല റിപ്പോര്‍ട്ട്. ചുമതലയിലുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറെ ഒഴിവാക്കി കോടതി ഡ്യൂട്ടി മാത്രമുണ്ടായിരുന്ന രണ്ട് ബിഎഫ്ഒമാര്‍ക്ക് മെമ്മോ നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തി പുകയുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കൂടുതല്‍ ഉന്നതരെ വെളിച്ചത്തേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ വനംവകുപ്പ് വരുംദിവസങ്ങളില്‍ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
അതേസമയം വ്യാപക മരം മുറിയിലേക്ക് നയിച്ച റവന്യൂവകുപ്പിന്റെ വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ നിന്ന് മുറിച്ച് കടത്തിയ കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ കണ്ടെത്താനായില്ല. 14 കോടിയിലധികം രൂപ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചു. ആറ് കോടി രൂപയുടെ മരങ്ങള്‍ പിടികൂടാനായില്ല. റവന്യൂവകുപ്പിന്റെ മരങ്ങളാണ് ഉത്തരവിന്റെ മറവില്‍ മുറിച്ചത്. കടത്തിയ ഈട്ടി, തേക്ക് മരങ്ങളെക്കുറിച്ച് പിന്നീട് അന്വേഷണവും നടന്നില്ല.
