മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം
മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശം. വനം വകുപ്പ് കേസ് പരിഗണിക്കുന്ന കോടതി തന്നെ കേസും പരിഗണിക്കാനാണ് നിര്‍ദ്ദേശം.
മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസിനെതിരെ അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തീര്‍പ്പാക്കിയത്. വനംവകുപ്പ് കേസ് പരിഗണിക്കുന്ന കോടതി തന്നെ വഞ്ചന കേസും പരിഗണിക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ ചോറ്റാനിക്കര കോടതിയിലാണ് കേസ് പരിഗണിച്ചത്. അവിടെനിന്നും കേസ് ബത്തേരി കോടതിയിലേക്ക് മാറ്റും. വനംവകുപ്പിന്റെ കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വരെ കേസ് സ്റ്റേ ചെയ്യണമെന്നും പ്രതിഭാഗം വാദം ഉയര്‍ത്തിയിരുന്നു.
അതേസമയം മുട്ടില്‍ മരംമുറി കേസില്‍ വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ ചോറ്റാനിക്കര കോടതിയിലെ കേസ് സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഈ മാസം 17ന് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. ഇക്കാര്യം സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പിന്നാലെയാണ് കോടതി മാറ്റം അടക്കമുള്ള നിര്‍ദ്ദേശം.
