മൂവാറ്റുപുഴയാറ്റിലെ ദുരന്തം: അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവിന്റെ മൃതദേഹവും കണ്ടെത്തി; 13കാരിക്കായി തിരച്ചിൽ തുടരുന്നു
കൊച്ചി: മൂവാറ്റുപുഴയാറ്റിൽ അമ്മയുടെയും പിഞ്ചുകുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ പിതാവിന്റെ മൃതദേഹവും പുഴയിൽ നിന്ന് കണ്ടെടുത്തു. പായിപ്ര സ്വദേശി നാരായണന്റെ മൃതദേഹമാണ് ശനിയാഴ്ചയോടെ മൂവാറ്റുപുഴയാറ്റിൽ നിന്ന് കണ്ടെടുത്തത്. ഇതോടെ ഒരേ കുടുംബത്തിലെ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടുംബം ഒന്നടങ്കം പുഴയിൽ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് പിറവം മുളക്കുളം പാലത്തിന് സമീപം മൂവാറ്റുപുഴയാറ്റിൽ കാഴ്ചപരിമിതിയുള്ള വിജിമോൾ (44), ഇവരുടെ രണ്ട് വയസ്സുകാരനായ ഇളയ മകൻ എന്നിവരുടെ മൃതദേഹങ്ങൾ നാട്ടുകാർ ആദ്യം കാണുന്നത്. ഇതേത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് നാരായണനെയും മൂത്ത മകളെയും കാണാനില്ലെന്ന് വ്യക്തമായത്.
സിസിടിവി ദൃശ്യങ്ങൾ നിർണായകമായി:
മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നാരായണനും വിജിയും രണ്ട് മക്കളും പിറവത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞ് പുറത്തിറങ്ങുന്നതിന്റെയും സമീപത്തെ പാർക്കിൽ സമയം ചെലവഴിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും താൽക്കാലികമായി വാടകവീട് മാറാൻ പോലീസിന്റെ സഹായം തേടിയിരുന്നതായും വിവരമുണ്ട്. കാണാതായ 13 വയസ്സുകാരിയായ മൂത്ത മകൾക്ക് വേണ്ടി ഫയർഫോഴ്സും പോലീസും സ്കൂബ ടീമും നാട്ടുകാരും ചേർന്ന് മൂവാറ്റുപുഴയാറ്റിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
